ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

അതിപുരാതന കാലത്തേക്ക് നീണ്ടുകിടക്കുന്ന ഒരു ചരിത്ര പശ്ചാത്തലം വടക്കാഞ്ചേരി ബ്ലോക്കിന് കീഴിലുള്ള പ്രദേശങ്ങൾക്ക് ഉള്ളതിന് തെളിവുകൾ ഏറെ ലഭിച്ചിട്ടുണ്ട്. എങ്കിലും അവയൊന്നും ഇനിയും പൂർണ്ണമായി അനാവരണം ചെയ്യപ്പെട്ടിട്ടില്ല. വടക്കാഞ്ചേരി ബ്ലോക്കിന്റെ ഭാഗമായിരുന്ന കടങ്ങോട്, ഇയ്യാൽ പ്രദേശങ്ങളിൽ കണ്ടെത്തിയ തൊപ്പിക്കല്ല്, നന്നങ്ങാടികൾ, ഗുഹകൾ എന്നിവയൊക്കെ ഒരു ആദിമസംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളായി നിലനിൽക്കുന്നു. പുഴകളും മലകളും സമതലങ്ങളുമെല്ലാം ചേർന്ന ഈ പ്രദേശം എന്തുകൊണ്ടും ഒരു ആദിമ സംസ്‌കാരത്തിന്റെ വളർച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയിരിക്കണം. മഹാശിലായുഗത്തിന്റെ അവശിഷ്ടങ്ങളും ബ്ലോക്കിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

 സംഘകാലഘട്ടത്തിലെ പ്രധാന കൃതികളിലൊന്നായ 'പതിറ്റുപത്തി'ൽ പ്രതിപാദിക്കുന്ന പഴയ ചേരസാമ്രാജ്യത്തിലെ ഭാഗമായിരുന്നു ഈ പ്രദേശം. ചേര സാമ്രാജ്യത്തിലെ പല രാജാക്കന്മാരും ബുദ്ധ ജൈന മതങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ ഇരുന്നിലംകോട് കാണുന്ന പാറയിൽ വെട്ടിയെടുത്ത ക്ഷേത്രം ഒരു ജൈന ക്ഷേത്രമായിരുന്നു എന്ന് കരുതപ്പെടുന്നു.

ഈ പ്രദേശത്തിന്റെ അറിയപ്പെടുന്ന ചരിത്രം കൊച്ചി രാജ്യവുമായി ബന്ധപ്പെട്ടിരി ക്കുന്നു. പഴയ വള്ളുവനാടുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തെ എന്തുകൊണ്ടും തന്ത്രപ്രധാനമായി കൊച്ചിയിലെ തമ്പുരാക്കന്മാർ കണ്ടിരുന്നു. കൊച്ചി രാജാവിന്റെ അവധിക്കാല വസതിയും വടക്കാഞ്ചേരിയിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇപ്പോഴത്തെ വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളും, ഗവ. എൽ.പി. സ്കൂ‌ളും അന്നത്തെ തമ്പുരാക്കന്മാരുടെ കൊട്ടാരങ്ങൾ ആയിരുന്നുവത്രെ. ഗവ. എൽ.പി. സ്കൂ‌ളിന് മുന്നിലുള്ള റോഡ് ഇന്നും പാലസ് റോഡ് എന്നാണ് അറിയപ്പെടുന്നതും. പ്രദേശത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ഉത്രാളിക്കാവ് പൂരത്തിന് അകമ്പടിയായി അന്നത്തെ കൊച്ചിരാജാവ് ഭടന്മാരെ വിട്ടുകൊടുത്തതിന്റെ തുടർച്ചയായി രണ്ട് പൊലീസുകാർ പൂരം എഴുന്നള്ളിപ്പിന് അകമ്പടി പോകുന്നത് ഇന്നും തുടരുന്നു.

 

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനും സ്വാതന്ത്ര്യ സമരത്തിനും ഏറെ സംഭാവനകൾ നൽകിയവരും ഈ പ്രദേശത്ത് ഏറെ ഉണ്ടായിരുന്നു. മാടമ്പ് നാരായണൻ നമ്പൂതിരി, ആർ.എം. മനയ്ക്കലാത്ത് തുടങ്ങിയവർ അവരിൽ ചിലർ മാത്രം. 1941ൽ രൂപംകൊണ്ട് കൊച്ചി പ്രജാമണ്ഡലത്തിന്റെ പ്രധാന സാരഥി വടക്കാഞ്ചേരി നീലകണ്ഠഅയ്യർ ആയിരുന്നു. 1949ൽ തിരു വിതാംകൂറും കൊച്ചിയും സംയോജിച്ചപ്പോൾ തിരുകൊച്ചി സംസ്ഥാനത്തിന്റെയും പിന്നീട് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോൾ കേരള സംസ്ഥാന ത്തിന്റെയും ഭാഗമായി ബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട പ്രദേശങ്ങൾ.